ഒരിനം വളർത്തുമത്സ്യമാണ് തിലാപ്പിയ. കേരളത്തിൽ ചിലയിടങ്ങളിൽ ഇതിനെ പിലോപ്പി, സിലോപ്യ, തിലാപ്പി എന്നൊക്കെ വിളിക്കാറുണ്ട്,ഇത് പെഴ്സിഫോമെസ് മത്സ്യഗോത്രത്തിലെ സിക്ലിഡേ കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം തിലാപ്പിയ മൊസാമ്പിക്ക എന്നാണ്. കിഴക്കൻ ആഫ്രിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. ലവണ ജലാശയങ്ങളിലും ശുദ്ധജല തടാകങ്ങളിലും നെൽവയലുകളിലും തിലാപ്പിയകളെ വളർത്താറുണ്ട്
തിലാപ്പിയ മൊസാമ്പിക്ക 36 സെന്റിമീറ്റർ വരെ നീളത്തിൽ വളരും. തിലാപ്പിയ ഗലീലിയ 43 സെന്റിമീറ്ററിലധികവും തിലാപ്പിയ നൈലോട്ടിക്ക 53 സെന്റിമീറ്ററിലധികവും നീളം വയ്ക്കുന്നവയാണ്. തിലാപ്പിയ മത്സ്യത്തിന്റെ പാർശ്വഭാഗം പരന്ന് ദീർഘ വൃത്താകൃതിയിലാണ്. മുഖം ഉരുണ്ടിരിക്കും. ചെതുമ്പലുകൾ ചെറുതും ക്രമത്തിൽ അടുക്കിയിട്ടുള്ളതുമാണ്. രണ്ടു പാർശ്വരേഖകളുണ്ട്; ആദ്യത്തേത് ചെകിള ഭാഗത്തുനിന്നു തുടങ്ങി ശരീരത്തിന്റെ പകുതിയോളമെത്തി അവസാനിക്കുന്നു; രണ്ടാമത്തേത് ആദ്യത്തെ പാർശ്വരേഖ അവസാനിക്കുന്നതിന്റെ താഴെ നിന്നു തുടങ്ങി വാൽ വരെയെത്തുന്നു. മുതുച്ചിറകിൽ 17-ഉം, ഗുദച്ചിറകിൽ മൂന്നും, പിൻ പാർശ്വച്ചിറകിൽ ഒന്നും വീതം മൂർച്ചയുള്ള മുള്ളുകളുണ്ടായിരിക്കും